
ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അധിക്ഷേപ വർഷം. നൂറുശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനിയെന്ന് ട്രംപ് ആരോപിച്ചു. മുമ്പ് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ടെങ്കിലും ഇതൽപ്പം പരിഹാസ്യമാണെന്നും ട്രംപ് പറഞ്ഞു. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിമർശനം.
'ഡെമോക്രാറ്റുകൾ അതിരുകടന്നു. നൂറുശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാനൊരുങ്ങുകയാണ്. മുമ്പ് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് അൽപ്പം പരിഹാസ്യമാണ്. കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ്. അത്ര സാമർത്ഥ്യമുള്ള ആളല്ല. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്.'. -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ന്യൂയോർക്ക് ഗവർണറുമായ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്റാൻ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം-കുടിയേറ്റ മേയറായിരിക്കും സൊഹ്റാൻ മംദാനി.











